
കോയമ്പത്തൂരിൽ നിന്ന് മൂവാറ്റുപുഴക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി പോലീസ് ആണെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി 96 ലക്ഷം രൂപ കവർന്ന കേസിൽ നേതൃത്വം കൊടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. കൊടുവള്ളി അവിലോറ സ്വദേശി ആത്ത, വാവ എന്നീ പേരുകളിൽ അറിയപ്പെടുന്ന റിതേഷ് (32 വയസ്സ്) ആണ് തൃശ്ശൂർ സിറ്റി പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ മാർച്ച് മാസം ഇരുപത്തിരണ്ടാം തിയ്യതി പുലർച്ചെ പാലക്കാട് എറണാകുളം ഹൈവെയിൽ കുട്ടനെല്ലൂരിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂവാറ്റുപുഴയിലെ പച്ചക്കറി വ്യാപാരസ്ഥാപനത്തിലേക്ക് കോയമ്പത്തൂരിൽ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ലോറിയെ കുട്ടനെല്ലൂരിൽ വെച്ച് ELECTION URGENT എന്ന ബോർഡ് വെച്ച ഇന്നോവ കാറിൽ വന്ന സംഘം തടഞ്ഞുനിർത്തുകയും, ലോറിയിലെ ഡ്രൈവറേയും സഹായിയേയും പോലീസാണെന്നും, ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പറയുകയും, ചോദ്യം ചെയ്യണമെന്നും പറഞ്ഞ് അവരെ ബലം പ്രയോഗിച്ച് ഇന്നോവ കാറിൽ കയറ്റി കൊണ്ടുപോകുകയും കുറച്ചു ദൂരം പോയിക്കഴിഞ്ഞ് തിരികെ ലോറിയുടെ അടുക്കലെത്തിച്ച് ഇറക്കി വിടുകയും ചെയ്തു. പിന്നീട് ഡ്രൈവറും സഹായിയും കൂടി ലോറി പരിശോധിച്ചപ്പോഴാണ് ലോറിയിൽ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 96 ലക്ഷം രൂപ കവർച്ച ചെയ്തതായി അറിയാൻ കഴിഞ്ഞത്. പിന്നീട് ഇവർ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തുകയും ഇവരുടെ പരാതി പ്രകാരം ഒല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയുമായിരുന്നു. ഈ കേസിൽ നേരത്തെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ R.ആദിത്യ IPS ന്റെ നിർദ്ദേശാനുസരണം തൃശ്ശൂർ സിറ്റി ജില്ല സ്പഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഗോപാലകൃഷ്ണൻ .എം.കെ, ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ സേതു, എന്നിവരുടെ നേതൃത്വത്തിൽ ഒല്ലൂർ എസ്എ അനുദാസ്, തൃശ്ശൂർ സിറ്റി ഷാഡോ പോലീസിലെ എസ്എ ടി.ആർ .ഗ്ലാഡ്സ്റ്റൺ , എഎസ്എ പി.രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജീവൻ .ടി.വി,ലാലാ കെ .കെ, സിവിൽ പോലീസ് ഓഫീസർ ലിഗേഷ്.എം.എസ്, പ്രേംദീപ് പി .എം എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.