മനപ്പടിയിൽ കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് യുവാവു മരിച്ച സംഭവത്തിൽ 4 പേരെ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട ∙ കിഴുത്താണി മനപ്പടിയിൽ കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് യുവാവു മരിച്ച സംഭവത്തിൽ 4 പേരെ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി ചേനത്തുപറമ്പിൽ ഷാജു (47), സഹോദരൻ കാട്ടുങ്ങച്ചിറ സ്വദേശി ചേനത്തുപറമ്പിൽ ലോറൻസ് (50), ഷാജുവിന്റെ ഭാര്യ രഞ്ജിനി (39), ലോറൻസിന്റെ ഭാര്യ സിന്ധു (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുടയിലെ ഡ്രൈവിങ് സ്കൂൾ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ വട്ടപ്പറമ്പിൽ വീട്ടിൽ സൂരജാണു (33) കൊല്ലപ്പെട്ടത്. ലോറൻസിന്റെ കിഴുത്താണി മനപ്പടിയിലെ വീട്ടിലാണ് സൂരജും കുടുംബവും 4 മാസമായി വാടകയ്ക്കു താമസിക്കുന്നത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ലോറൻസും ഷാജിയും ഇവരുടെ ഭാര്യയും സൂരജിന്റെ വീട്ടിലെത്തി.

KALYAN-banner_Ads-COMMON-FB-TAG

വീട് ഒഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്നു സംഘർഷമുണ്ടാവുകയും തുടർന്നു സൂരജിനെയും പിതാവ് ശശിധരനെയും സഹോദരൻ സ്വരൂപിനെയും ഷാജി കമ്പിപ്പാര കൊണ്ടു മർദിക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മൂവരെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജിലും എത്തിച്ചു. സൂരജ് 21നു പുലർച്ചെ മരിച്ചു. ഗുരുതര പരുക്കേറ്റ സ്വരൂപ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.