ഇനി മുതൽ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാം, കടകൾ ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാം എന്നീ ഇളവുകൾ സംബന്ധിച്ച് ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തും…
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ വൻ ഇളവുമായി സർക്കാർ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും പ്രവർത്തിക്കാം. കടകളുടെ പ്രവർത്തന സമയം രാത്രി ഒമ്പത് മണി വരെ നീട്ടി. ഹോട്ടലുകളിൽ തുറസായ സ്ഥലങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകും.
ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാർശകളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായത്. ആൾക്കൂട്ടം ഒഴിവാക്കാൻ ഇളവുകൾ അനുവദിച്ചുള്ള രീതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതൽ ഞായറാഴ്ചകളിൽ മാത്രമാകും ലോക്ക്ഡൗൺ ഉണ്ടാവുക. സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗൺ ഒഴിവാക്കി. ആഴ്ചയിൽ 6 ദിവസവും കടകൾ തുറന്നു പ്രവർത്തിക്കാം.