
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാർ, ടി. ആർ സുനിൽ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശൂർ അയ്യന്തോളിലെ ഫ്ളാറ്റിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
ബിജു കരീമായിരുന്നു ബാങ്കിന്റെ മാനേജർ. സുനിൽ കുമാർ സെക്രട്ടറിയും ജിൽസ് ചീഫ് അക്കൗണ്ടന്റും ബിജോ കമ്മിഷൻ ഏജന്റുമായിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ നാല് പേരും ഒളിവിലായിരുന്നു. തുർന്ന് ഇവർക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് നാല് പേരും പിടിയിലായത്. ഇവർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റിന്റെ അക്കൗണ്ടന്റായ റെജി അനിൽകുമാറിനേയും കിരണിനേയുമാണ് കണ്ടെത്താനുള്ളത്. കിരൺ, ബിജു കരീമിന്റെ ബിനാമിയാണെന്നാണ് സൂചന. അതിനിടെ പ്രതി ബിജോയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ക്രൈംബ്രാഞ്ച് രേഖകൾ പിടിച്ചെടുത്തു. കേസിലെ ആറ് പ്രതികളുടെ വീടുകളിൽ റെയ്ഡ് തുടരുകയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.