
വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. 1- ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെഎണ്ണം നാല്പതായി നിജപ്പെടുത്തിയിട്ടുണ്ട്.
2- ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സമുദായ പ്രതിനിധികളുമായും നിരന്തരം സമ്പർക്കം പുലര്‍ത്തും. 3- ഭക്തര്‍ സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും.
4- കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നല്‍കാനും നിര്‍ദ്ദേശമുണ്ട്. 5- കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രോഗവ്യാപനത്തിന്റെ സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കണം. 6- സി, ഡി വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധനല്‍കും. 7- ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് അനൗണ്‍സ്മെന്റ് നടത്തും.
8- ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ പരമാവധി വിനിയോഗിക്കും. 9- സന്നദ്ധസംഘടനകളുടെ സഹകരണവും ഇതിനായി വിനിയോഗിക്കും. 10- ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നീ യൂണിറ്റുകള്‍ സദാസമയവും നിരത്തിലുണ്ടാകും. മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കും.