
അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. നെടുപുഴ തയ്യിൽ ജിനോയ് (24), എറണാകുളം ഇല്ലത്തുപടി ദേശത്ത് എടക്കൂട്ടത്തിൽ സൽമാൻ ഫാരിഷ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് ഒന്നര കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.
തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂർക്കഞ്ചേരി വലിയാലുക്കൽ വച്ച് മയക്കുമരുന്ന് പിടികൂടിയത്. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ മയക്കുമരുന്നു സംഘത്തിലെ കണ്ണികളാണ് ഇവർ. ഇവരെ പിടികൂടുന്നതിനായി കാത്തു നിന്ന ഉദ്യോഗസ്ഥ സംഘത്തെ മറികടന്ന് ന്യൂജനറേഷൻ ബൈക്കിൽ സിനിമാ സ്റ്റൈലിൽ പാഞ്ഞ യുവാക്കളെ നെടുപുഴ പോലീസിന്റെ സഹായത്തോടെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. മറ്റു സംസ്ഥാനങ്ങളിൽ പഠനാവശ്യത്തിനായി പോകുന്ന മലയാളി വിദ്യാർത്ഥികളെ മയക്കുമരുന്നു മാഫിയ കടത്തുകാരായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രതികൾ മുൻപും പലതവണ ഇത്തരത്തിൽ മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിട്ടുള്ളതായ അറിവ് ലഭിച്ചിട്ടുണ്ട്..