
വടക്കഞ്ചേരി: തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകൾ കേന്ദീകരിച്ചുള്ള സ്പിരിറ്റ് കടത്തുസംഘങ്ങളുടെ സിൻഡിക്കറ്റാണെന്ന് നിഗമനം. തൃശൂർ ലോബി നേതൃത്വം നൽകുന്ന ഈ സംഘമാണു മറ്റു ജില്ലകളിലും കുറച്ചുകാലമായി സ്പിരിറ്റ് എത്തിക്കുന്നതെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. പാലക്കാട് അതിർത്തി കേന്ദ്രീകരിച്ചും എറണാകുളം നഗരം കേന്ദീകരിച്ചുമാണ് മറ്റുള്ളവയുടെ പ്രവർത്തനം. ഓരോ സീസണിലും ഒരു ടീം മറ്റുള്ളവർക്കു സ്പിരിറ്റ് എത്തിച്ചുകൊടുക്കുന്നതാണ്ഇപ്പോഴത്തെ രീതി. തിരുവണ്ണാമല, ചെന്നെ ഗോഡൗണുകളിൽ എത്തിക്കാൻ തമിഴ്നാട് കേന്ദ്രീകരിച്ചു രണ്ടു സംഘങ്ങളുണ്ട്.
സ്പിരിറ്റ് കന്നാസിന്റെ അടപ്പ് വെള്ളയും തിരുവണ്ണാമലയിലേതു ചുവപ്പും നിറത്തിലാണ്. അണക്കപ്പാറയിൽ നിന്നു കണ്ടെടുത്തതു ചുവപ്പ് അടപ്പുളള കന്നാസുകളാണ്. വർഷങ്ങളായി പാലക്കാട് കേന്ദ്രീകരിച്ചു മദ്യക്കച്ചവടം നടത്തുന്ന സോമൻ നായർക്ക് തൃശൂർ സ്പിരിറ്റ് സംഘവുമായാണു കൂടുതൽ അടുപ്പമെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ വൻ കടത്തുകൾ പിടികൂടിയിട്ടും തൃശൂർ ലോബിയുടെ കേന്ദ്രത്തിലെത്താൻ പൊലീസിനും എക്സൈസിനും ഇതു വരെ കഴിഞ്ഞിട്ടില്ല. മൂന്നു ജില്ലകളിലെ പരിശോധനാ കേന്ദ്രങ്ങളിൽ എക്സൈസ് ജീവനക്കാരെ നിയമിക്കുന്നതിൽ ഈ സംഘങ്ങളുടെ സ്വാധീനമുള്ളതായി നേരത്തെ മുതൽ ആരോപണമുണ്ട്. സോമൻ നായരുടെ പേരിൽ കള്ളുഷാപ്പ് ലൈസൻസ് ഉള്ളതായി അന്വേഷണ സംഘത്തിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.