
ചാലക്കുടി: ഇന്നോവ കാറിൽ കടത്തുകയായിരുന്ന നൂറ് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡി വൈ എസ് പി കെ.എം ജിജിമോനും സംഘവും പിടികൂടി. കൊല്ലം ഏഴുകോൺ സ്വദേശികളായ ഹാരിസ് (27 വയസ്) ആഷിഖ് (23 വയസ്) മലവയൽ സ്വദേശി രാഹുൽ ( 27 വയസ്) എന്നിവരാണ് പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൊടകര കൊളത്തുരിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന മൂവർ സംഘം പിടിയിലായത്.
ആന്ധ്രയിലെ ടുണിയിൽ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്. ലോക് ഡൗൺ സാഹചര്യം മുതലെടുത്താണ് ഇങ്ങനെ വില ഈടാക്കുന്നത്. ലഹരി വസ്തുക്കൾ കടത്തുന്ന സംഘങ്ങൾക്കെതിരെ കർശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.