ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ നല്‍കിയ മറുപടി വിവാദത്തില്‍…

കൊച്ചി: ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ നല്‍കിയ മറുപടി വിവാദത്തില്‍.

2014-ല്‍ ആണ് കല്യാണം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭര്‍ത്താവില്‍ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാ കമ്മീഷന് ഫോണിലൂടെ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത് കേട്ട ഉടന്‍ നിങ്ങള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നാണ് ജോസഫൈന്‍ ചോദിച്ചത്. ഞാന്‍ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് യുവതിക്ക് ജോസഫൈന്‍ നല്‍കിയ മറുപടി.

ഭര്‍ത്താവുമായി യോജിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ച് കിട്ടാന്‍ നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കാനും വനിതാ കമ്മീഷന്‍ അധ്യക്ഷ ഉപദേശം നല്‍കുന്നുണ്ട്. വേണമെങ്കില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കാനും എം.സി ജോസഫൈന്‍ പറയുന്നുണ്ട്.

ജോസഫൈന്റെ ഈ മറുപടികളോട് യുവതി പ്രതികരിക്കാതെ സംഭാഷണം അവസാനിക്കുകയാണ് ചെയ്തത്. സ്വകാര്യ ചാനലില്‍ നടന്ന ലൈവ് ഷോയില്‍ ഗാര്‍ഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈന്‍ നീതിരഹിതമായി പ്രതികരിച്ചത്. ഈ വിഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എം.സി ജോസഫൈനെ പദവിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്.