കോവളം വെങ്ങാനൂരില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍…

തിരുവനന്തപുരം: കോവളം വെങ്ങാനൂരില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്.

വിവരമറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് സുരേഷിനെ ഇന്ന് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അര്‍ച്ചനയുടേതും സുരേഷിന്റെയും പ്രണയ വിവാഹമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അര്‍ച്ചന സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയാ യിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബ വീട്ടില്‍ പോയിരുന്നു. ആ സമയം സുരേഷിന്റെ കൈവശം കുപ്പിയില്‍ വാങ്ങിയ ഡീസല്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് അന്വേഷിച്ചു വരികയാണ്.