
മണ്ണുത്തി: മണ്ണുത്തി-നടത്തറ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആഴംകൂട്ടിയ കാനയ്ക്കു കുറുകെ 15 അടി വീതിയിൽ പാലം കോൺക്രീറ്റിടൽ പൂർത്തിയായി. ഇവിടെ മുമ്പുണ്ടായിരുന്ന കലുങ്ക് കാന പണികൾക്കായി പൊളിച്ചു നീക്കിയിരുന്നു. ആറടി താഴ്ചയിലും മൂന്നടി വീതിയിലുമാണ് കാന പണിതത്. മണ്ണുത്തിയിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാവാൻ കാരണം കാനയിലൂടെ വെള്ളം താഴെയ്ക്ക് ഒഴുകി പോവാത്തതായിരുന്നു.
മഴ ആരംഭിച്ചതോടെ പണി പല ദിവസങ്ങളിലും തടസപ്പെട്ടിരുന്നു. കാന ആഴം കൂട്ടിയതിനാൽ റോഡിൽ വെള്ളക്കെട്ട് കുറഞ്ഞിരുന്നു. സർവീസ് റോഡിന്റെ ഒരു വശത്ത് കാനപണിത ഭാഗത്ത് കോൺക്രീറ്റ് സ്ലാബിടൽ പൂർത്തിയായിട്ടുണ്ട്. നടത്തറ റോഡിലെ ഇസാഫ് കെട്ടിടത്തിനു മുമ്പിൽ മാത്രമാണ് ഇനി കാന പണി പൂർത്തിയാകാനുള്ളത്. മൂന്നു മാസത്തിലേറെയായി നടത്തറ റോഡിലൂടെയുള്ള പൊതു ഗതാഗതം നിർത്തി വെച്ചിരിക്കുകയാണ്.