
റേഷൻ കടകളിലും സപ്ലൈകോയിലും ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മാർഗനിർദേശങ്ങളുമായി കൊടകര പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ റേഷന്‍കട ഉടമകളുടേയും സപ്ലൈകോയുടേയും ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടേയും സംയുക്ത യോഗം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കിറ്റുകള്‍ ഒരേ സമയം ലഭ്യമാകാത്ത സാഹചര്യം, ഒരു ഉപഭോക്താവിന് ഏത് കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കാമെന്ന സാഹചര്യത്തില്‍ ഭക്ഷ്യ വസ്തുക്കൾ ലഭിക്കുന്നതിനുള്ള തടസം. കിറ്റുകൾ ഉറപ്പ് വരുത്തൽ, കോവിഡ് സാഹചര്യത്തില്‍ കൃത്യമായ രേഖയില്ലാതെ വസ്തുക്കള്‍ നല്‍കുന്നതിലെ തടസം എന്നിങ്ങനെ നിലവിലെ സാഹചര്യത്തില്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു.
ഇത് പ്രകാരം കോവിഡ് പോസിറ്റീവ്, കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കായി റേഷന്‍ വിഹിതം വാങ്ങുന്നതിനെത്തുന്ന ആര്‍.ആര്‍.ടി. അംഗം നിര്‍ബന്ധമായും വാര്‍ഡ് മെമ്പറുടെ കത്ത് സമര്‍പ്പിക്കേണ്ടതാണ് എന്നും ആവശ്യമായ കത്ത് സമയബന്ധിതമായി വാര്‍ഡ് മെമ്പര്‍ ആര്‍.ആര്‍.ടി. അംഗത്തിന് നല്‍കേണ്ടതാണെന്നും തീരുമാനിച്ചു.
കിറ്റുകളോടൊപ്പം വെളിച്ചെണ്ണ നല്‍കുന്നത് പലപ്പോഴും പൊട്ടിപോകുന്നതിനും കിറ്റുകള്‍ നാശമാകുന്നതിനും കാരണമാകുന്നത് തടയുന്നതിനായി സപ്ലൈകോ നല്‍കുന്ന കിറ്റുകളിലെ വെളിച്ചെണ്ണ പ്രത്യേകമായി കിറ്റുകളുടെ എണ്ണത്തിനാനു പാതികമായി നല്‍കുന്നതിന് സപ്ലൈകോയോട് ആവശ്യപ്പെടും. കിറ്റ് വിതരണത്തിന്‍റെ സമയം കിറ്റ് ലഭ്യമാകുന്ന സമയം അനുസരിച്ച് വാര്‍ഡ് തലത്തില്‍ അറിയിക്കുന്നതിന് വാര്‍ഡ് മെമ്പര്‍മാര്‍ക്ക് അതത് റേഷന്‍കട പ്രതിനിധി അറിയിപ്പ് നല്‍കണം.
വാര്‍ഡുകളിലെ കിടപ്പു രോഗികളാണ് ഗുണഭോക്താക്കളെങ്കില്‍ അവര്‍ക്കായി വിഹിതം ലഭ്യമാക്കുന്നവര്‍ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ രീതിയിലുള്ള മൊബൈല്‍ സംവിധാനത്തിലൂടെ മാത്രം പ്രോക്സി സാധ്യത അംഗീകരിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്ന അറിയിപ്പ് നൽകും. അവശ്യ സന്ദര്‍ഭങ്ങളില്‍ ഗ്രാമ പഞ്ചായത്ത് നേതൃത്വം താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ സഹകരണം ഉറപ്പ് വരുത്തും. സപ്ലൈകോയുടെ പ്രവര്‍ത്തനത്തിന് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ആവശ്യമാകുന്ന സന്ദര്‍ഭത്തില്‍ അനുവദിക്കുന്നതിനും പാക്കിംഗ് തുടങ്ങിയ സഹായത്തിന് ആര്‍.ആര്‍.ടി. അംഗങ്ങളെ ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സോമന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, സപ്ലൈകോ, റേഷന്‍ കട പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.