നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാന്‍ഡ്….

വനന്തപുരം: പതിനഞ്ചാം കേരള നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ അറിയിച്ചു. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലിന്റെ നിലപാടും വി.ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു.എം.എല്‍.എമാരുടെ ഭൂരിപക്ഷ പിന്തുണ വിഡി സതീശനെന്ന സൂചനകള്‍ക്കിടെ രമേശ് ചെന്നിത്തലക്കായി നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതില്‍ അവസാനിമിഷം വരെ ഹൈക്കമാന്‍ഡിനുമേല്‍ സമ്മര്‍ദമുണ്ടായി. രമേശ് തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഏതാനും യുവ എം.എല്‍.എമാരുടെയും എം.പിമാരുടെയും പിന്തുണയാണ് സതീശന് ഉണ്ടായിരുന്നത്. രമേശും ഉമ്മന്‍ ചാണ്ടിയും കൈകോര്‍ത്തതോടെ, അവരെ മറികടന്നുള്ള തീരുമാനം സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക ഹൈക്കമാന്‍ ഡിനുണ്ടായിരുന്നെങ്കിലും ഒടുവില്‍ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.

thrissur news