
തൃശ്ശൂർ: ഗുരുതര കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള രണ്ടിനം മരുന്നുകളുടെ വില നിശ്ചയിച്ച് ദേശീയ ഔഷധ വില നിയന്ത്രണസമിതി ഉത്തരവിറക്കി. കോർട്ടിക്കോ സ്റ്റിറോയ്ഡ് വിഭാഗത്തിൽപ്പെടുന്ന ബുഡുസുനൈഡ് ഒമ്പത് മില്ലിഗ്രാം ഗുളിക, ഡെക്സാമെത്താസോൺ 6 എം.ജി. എന്നീ മരുന്നുകളാണിവ. യഥാക്രമം സൺ ഫാർമയും കാഡിലയുമാണ് ഇതിന്റെ നിർമാതാക്കൾ.
വെന്റിലേറ്റർപോലെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ മാത്രം ശ്വസിക്കാനാകുന്ന രോഗികൾക്ക് ആശ്വാസമാകുന്നതാണ് ഡെക്സാമെത്താസോൺ. അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ ഗുരുതര കോവിഡ് രോഗികൾക്ക് നൽകാൻ അനുമതിയുള്ള മരുന്നാണിത്.
ബുഡുസുനൈഡ് ശ്വാസകോശത്തിലെ നീർക്കെട്ടും അണുബാധയും കുറയ്ക്കും. ശ്വാസതടസ്സമുള്ള രോഗികളിൽ പ്രാരംഭദശയിൽത്തന്നെ ഇതുപയോഗിക്കുന്നത് ഗുണകരമാണെന്നാണ് പറയുന്നത്.
നിലവിൽ ഇൻഹേലറായും 3, 5 എം.ജി. ഗുളികകളായും ഇതുപയോഗിക്കുന്നുണ്ട്. എന്നാൽ, കൂടിയ അളവ് കോവിഡ് രോഗികളെ ഉദ്ദേശിച്ചുകൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഗുളികയ്ക്ക് ചരക്കുസേവനനികുതി കൂടാതെ 40.17 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. (മുന്നറിയിപ്പ്: ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ വാങ്ങി ഉപയോഗിക്കാൻ പാടില്ല.)