കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി തൃശൂര്‍ കോര്പ്പറേഷന് പരിധിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ താല്‍ക്കാലികമായി താമസിപ്പിക്കുന്നതിന് കോര്പ്പറേഷന് ഹോളിഫാമിലി സ്കൂള്‍ ചെമ്പൂക്കാവ്, കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍ തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കോ-ഓര്‍ഡിനേഷന്‍ ക്യാമ്പ് ആരംഭിച്ചു. ഇവിടെ 3 നേരം ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്ക് ഭക്ഷണം നല്കുന്ന സന്നദ്ധ സംഘടനകള്‍ അവര്‍ നല്കുന്ന ഭക്ഷണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മേല്‍പ്പറഞ്ഞ കോ-ഓര്‍ഡിനേഷന്‍ ക്യാമ്പുകളില്‍ മാത്രമേ നല്കാന് പാടുള്ളൂ എന്ന് മേയര്‍ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളുകളെ മേയര്‍ എം.കെ.വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ കണ്ടെത്തി കോ-ഓര്‍ഡിനേഷന്‍ ക്യാമ്പില്‍ എത്തിച്ചു തുടങ്ങി.
പുറത്തു ഭക്ഷണം നല്കിയാല് അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ കോ-ഓര്‍ഡിനേഷന്‍ ക്യാമ്പിലേയ്ക്ക് വരാന്‍ വിസമ്മതിക്കുന്ന സന്ദര്‍ഭത്തിലാണ് തെരുവില്‍ ഭക്ഷണം നല്‍കുന്നത് കര്‍ശ്ശനമായി നിയന്ത്രിക്കുന്നതെന്ന് മേയര്‍ അറിയിച്ചു. കോ-ഓര്‍ഡിനേഷന്‍ ക്യാമ്പുകളില്‍ ഭക്ഷണം നല്കാന് ആഗ്രഹിക്കുന്ന സംഘടനകളും വ്യക്തികളും താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.