
രാജ്യത്ത് കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐ.സി.എം.ആര്‍. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നതടക്കമുളള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായി പരിശോധന നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി.
ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇനി ഉണ്ടാകില്ല. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ ലബോറട്ടറികളുടെ ജോലി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റം. നിലവില്‍ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണെന്ന് ഐ.സി.എം.ആര്‍ സൂചിപ്പിക്കുന്നു.
ടെസ്റ്റിംഗ്, ട്രാക്കിംഗ്, ട്രെയ്സിംഗ്, ഐസൊലേഷന്‍ മാത്രമാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനുളള മാര്‍ഗം. രോഗം സ്ഥിരീകരിക്കുന്നവര്‍ വീട്ടില്‍ ചികിത്സയില്‍ തുടരുന്നതും വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്ന് ഐ.സി.എം.ആര്‍ ചൂണ്ടിക്കാട്ടുന്നു.