
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു തൃശൂര്‍ ജില്ല പൂര്‍ണ സജ്ജമെന്നു കലക്ടര്‍ എസ്. ഷാനവാസ്. ജില്ലയിലെ വോട്ടര്‍മാര്‍ക്ക് ചൊവ്വാഴ്ച ബൂത്തുകളിലെത്തി സുഗമമായി വോട്ടു ചെയ്യാം. വോട്ടിങ് യന്ത്രങ്ങള്‍ കമ്മിഷനിങ് പൂര്‍ത്തിയാക്കി വിതരണത്തിന് സജ്ജമായി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ്. വൈകിട്ട് ആറുമുതല്‍ ഏഴുവരെ കോവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കും. കോവിഡ് മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിക്കും.
ജില്ലയില്‍ 253 പ്രശ്നബാധിത ബൂത്തുകളും 28 അതിസുരക്ഷാ ബൂത്തുകളും 29 സംഘര്‍ഷ സാധ്യത ബൂത്തുകളുമാണുള്ളത്. ഇവിടെ അധിക സുരക്ഷ ഒരുക്കും. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന്റെ പരിധിയില്‍ 138 പ്രശ്നബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും ഉണ്ട്. തൃശൂര്‍ റൂറല്‍ പോലീസ് പരിധിയില്‍ 115 പ്രശ്ന ബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും 29 സംഘര്‍ഷസാധ്യത ബൂത്തുകളുമാണുള്ളത്.
കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും അഞ്ച് എണ്ണം വീതം 65 മാതൃകാ പോളിങ് സ്റ്റേഷനുകളും സജ്ജമാണ്. വരി നില്‍ക്കേണ്ടി വന്നാല്‍ ഊഴമെത്തുന്നതുവരെ വിശ്രമിക്കുന്നതിന് ടോക്കണ്‍ സംവിധാനം, മുലയൂട്ടല്‍ മുറി, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് മാതൃക സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. കയ്പമംഗലം മണ്ഡലത്തില്‍ അഞ്ച് എണ്ണവും മറ്റ് 12 മണ്ഡലങ്ങളില്‍ ഓരോന്ന് വീതവും 17 വനിതാ സൗഹൃദ ബൂത്തുകളും സജ്ജമാണ്.
ബൂത്തുകളില്‍ രണ്ട് ക്യൂ. പോളിങ് ബൂത്തുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്കും 80ന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നില്‍ക്കേണ്ട സ്ഥലം മുന്‍കൂട്ടി മാര്‍ക്ക് ചെയ്യും. വോട്ടര്‍മാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വളണ്ടിയര്‍മാരേയും നിയോഗിക്കും.
14,076 യന്ത്രങ്ങള്‍ എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് സൗകര്യമുള്ള വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4562 ബാലറ്റ് യൂണിറ്റ്, 4562 കണ്ട്രോള് യൂണിറ്റ്, 5212 വി.വി. പാറ്റ് എന്നിങ്ങനെ 14,336 എണ്ണമാണ് ഉപയോഗിക്കുന്നത്.