
കോ വിഡ് ഇടവേളക്ക് ശേഷമെത്തുന്ന പൂരത്തെ ആഹ്ളാദത്തോടെ ആഘോഷിക്കാൻ തൃശൂർ ഒരുങ്ങുമ്പോൾ പൂരത്തിന് ആവേശം പകരാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തില്ല. പൂരവിളംബരമായ വടക്കുന്നാഥന്റെ തെക്കേഗോപുര വാതിൽ തുറന്നിടാനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാറുള്ളത്. നെയ്തലക്കാവ് ഭഗവതിയാണ് പൂര വിളംബരമായി ഗോപുരവാതിൽ തുറന്നിടുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ മറ്റ് എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദീർഘദൂരത്ത് നിന്നു പോലും ആളുകളെത്തിയിരുന്നു. രാമചന്ദ്രനെ എഴുന്നെള്ളിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളിൽ നിന്നും പ്രതിഷേധങ്ങളുമുയർന്നിരുന്നു. രാമചന്ദ്രൻറെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വനംവകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് തീരുമാനമെന്നാണ് ദേവസ്വങ്ങൾ നൽകുന്ന വിവരം. രാമചന്ദ്രന് പകരം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറിനെയാണ് എഴുന്നെള്ളിക്കുക.