
തൃശൂര്‍: കര്‍ഷക തൊഴിലാളി യൂണിയന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ് തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.സി മുകുന്ദന്‍ മരിച്ചതായി ചരമപേജില്‍ വാര്‍ത്ത നല്‍കി ജന്മഭൂമി പത്രം. സി.സി മുകുന്ദന്റെ ചരമവാര്‍ത്ത ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത് മനുഷ്യത്വ വിരുദ്ധവും അപമാനകരവുമാണെന്നും വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു.
ജന്മഭൂമി പത്രം മുകുന്ദന്റെ ബയോഡാറ്റ ചരമകോളത്തില്‍ പ്രസിദ്ധീകരിച്ചത് പാര്‍ട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാനെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി പത്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും പൊലീസ്, മനുഷ്യാവകാശ കമ്മീഷന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും കെ.കെ വത്സരാജ് പറഞ്ഞു.