കോവിഡ് വാക്സിന് എടുക്കുന്ന ആളുകൾക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി പ്പെട്ടതോടെ ഇലക്ഷന് കമ്മീഷന് വിഷയത്തിൽ ഇടപെട്ടു. പശ്ചിമ ബംഗാള്‍ ചീഫ്ഇലക്ടറല്‍ ഓഫീസറോട് ഇലക്ഷന് കമ്മീഷന് റിപ്പോര്‍ട്ട്തേടി. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
5 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബി ജെ പി യുടെ മുഖ്യ പ്രചാരകന് . ഈ സാഹചര്യത്തില്‍ പ്രധാന മന്ത്രി യുടെ ഫോട്ടോ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കുന്നത് വരും ഇലക്ഷനിൽ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പെരുമാറ്റ ചട്ട ലംഘനമാണെന്നുമാണ് പരാതിപെട്ടത്. ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത് മാതൃകാപരമായ രീതിയിലാണ് പ്രധാനമന്ത്രി കോവിഡ് വ്യാപനം കൈകാര്യം ചെയ്തത് എന്നാണ്.
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം കൂടാതെ പെട്രോള്‍ പമ്പുകളിലെ മോദി യുടെ പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും ഇലക്ഷന് കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് നീക്കാന്‍ ആവശ്യപ്പെട്ടത്.