കോട്ടയം ഇല്ലിക്കല്‍ ചിന്മയ സ്കൂളില്‍ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയതായി പരാതി. എല്‍.പി, യു.പി ക്ലാസുകളിലെ കുട്ടികളെയാണ് ക്ലാസുകളില്‍ നിന്ന് പുറത്താക്കിയത്. ഫീസ് നല്‍കാതിരുന്ന കുട്ടികളെയാണ് പുറത്താക്കിയത്. കൊ വിഡ് കാലത്ത് സ്കൂള്‍ അടഞ്ഞു കിടന്നപ്പോഴത്തെയും ഫീസ് നല്‍കണമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഫീസില്‍ ഇളവ് വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
സ്കൂള്‍ മാനേജ്മെന്റ് ഇതിന് തയാറായില്ല. പകുതി ഫീസ് നല്‍കാമെന്ന് അറിയിച്ചുവെങ്കിലും സ്കൂള്‍ അധികൃതര്‍ അംഗീകരിച്ചില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് ഫീസ് അടയ്ക്കേണ്ട തില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് കുട്ടികളെ പുറത്താക്കിയത്.
ചര്‍ച്ചയ്ക്കെത്തിയ മാതാപിതാക്കളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ല. ഫീസ് ഇളവ് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. 15 ശതമാനം ഫീസ് ഇളവ് നല്‍കിയിട്ടുണ്ടെ ന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.