
സംസ്ഥാനത്ത് ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്. ഇന്ധനവില വർധന മോട്ടോർ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷണൽ എക്സൈസ് നികുതി, സർചാർജ് തുടങ്ങിയവ കുത്തനെ ഉയർത്തിയതും സ്വകാര്യ പെട്രോളിയം കമ്പനികൾക്കും കൊള്ള ലാഭമുണ്ടാക്കാൻ ഒരുക്കുകയാണെന്നും ഇന്ധനവില വർധനയ്ക്ക് പിന്നിലെന്നും അവർ ആരോപിച്ചു.