ഇരുപതിൽ അധികം പ്രാവശ്യം മാറ്റിവെക്കപ്പെട്ട ലാവ്ലിന് കേസിലെ വാദം സുപ്രീം കോടതി ഇന്ന് കേള്‍ക്കും. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരെ അറിയിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്തയാണ് സി.ബി.ഐക്ക് വേണ്ടി ഹാജരാകുന്നത്. വര്‍ഷങ്ങളായി സി.ബി.ഐ സമയം നീട്ടി ചോദിച്ചതു കാരണമാണ് ലാവ്ലിന് കേസിലെ വാദം ഇത്രയും നീണ്ടു പോയത്. ശക്തമായ തെളിവുകളുമായി വന്നാല്‍ മാത്രമേ ലാവ്ലിന് ഹര്‍ജി നില നില്ക്കൂ എന്ന് ജസ്റ്റിസ് യു.യു ലളിത് നേരത്തെ സി.ബി.ഐയെ ഓര്‍മ്മിപ്പിച്ചിരുന്നു.
നാളെ കേസ് വാദത്തിന് എടുക്കാമെന്ന നിലപാടിനോട് മറ്റ് കക്ഷികളും യോജിച്ചതായിട്ടാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവ്ലിന് കേസില്‍ നിര്‍ണ്ണായകമായ വാദം നാളെ ആരംഭിക്കും. സി.ബി.ഐ കോടതിയും ഹൈക്കോടതിയും പിണറായി വിജയന് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ കുറ്റ വിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തു കൊണ്ടാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ക്രൈം പത്രാധിപര്‍ നന്ദകുമാറും ഹര്‍ജി നല്‍കിയിരുന്നു. എന്നാൽ വിചാരണ നേരിടണമെന്ന സി.ബി.ഐ വാദം സുപ്രീം കോടതി അംഗീകരിച്ചാല്‍ അത് മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും തിരിച്ചടിയാകും.
വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ട കസ്തൂരിരംഗ അയ്യരും ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാണ് സുപ്രീം കോടതി കേള്‍ക്കാന്‍ പോകുന്നത്. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടി ശരിയാണോ എന്നതാണ് പ്രധാന ചോദ്യം. എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കുകയാണെങ്കില് അതോടെ ലാവ്ലിന് കേസ് അവസാനിക്കും. ഒരേ കേസില്‍ പ്രതികളായ നാലുപേര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ജസ്റ്റിസ് ഉബൈദിന്റെ വിധിയാണ് സിബിഐയും മറ്റ് ഹര്‍ജിക്കാരും ചോദ്യം ചെയ്തത്.
വര്‍ഷങ്ങളായി കോണ്‍ഗ്രസും ബി.ജെ.പിയും ഇടതു പക്ഷത്തിനെതിരെ ഉയര്‍ത്തുന്ന അഴിമതി ആരോപണമാണ് ലാവ്ലിന് കേസ്. രാഷ്ട്രീയ പകപോക്കലാണ് കേസെന്നാണ് തുടക്കം മുതല്‍ പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും നിലപാട്. ഹൈക്കോടതി വിധിയുണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുപ്രീം കോടതി വാദം തുടങ്ങാത്തതിനു പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. എന്തായാലും 20 പ്രാവശ്യത്തോളം കേസ് മാറ്റിവെയ്ക്കാന്‍ ഇടയാക്കിയത് സിബിഐയുടെ നിലപാടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.