തൃശൂർ: വ്യാജ രേഖകൾ ചമച്ച് ഉപഭോക്താവിന്റെ മൊബൈൽ ഫോൺ സിം കാർഡ് കരസ്ഥമാക്കി, ബാങ്കിങ്ങ് തട്ടിപ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റു ചെയ്തു. മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേൽ ജനതാ കോളനി സ്വദേശനി നൂർജഹാൻ അബ്ദുൾ കലാം ആസാദ് അൻസാരി (45) ആണ് അറസ്റ്റിലായത്. 2020 ഡിസംബറിലാണ് തൃശൂരിലെ ന്യൂ ജനറേഷൻ ബാങ്കിലെ ശാഖയിലെ ഒരു സ്ത്രീയുടെ അക്കൌണ്ടിൽ നിന്നും 20 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്ത ത്.
പണം നഷ്ടപ്പെട്ട സ്ത്രീ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യക്ക് നൽകിയ പരാതിയുടെ അടിസ്ഥാന ത്തിലാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് എറണാകുളം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധനക്ക് വിധേയമാക്കിയും സംഭവദിവസം കൊച്ചി വിമാനത്താവളം വഴി യാത്രചെയ്ത യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ചുമാണ് കുറ്റവാളികളെക്കുറിച്ചുള്ള സൂചനകൾ പോലീസിനു ലഭിച്ചത്. കേരള പോലീസ് അന്വേഷണം നടത്തുന്ന വിവരം മനസ്സിലാക്കിയ പ്രതി മുംബൈയിൽ താമസ സ്ഥലത്തു നിന്നും മഹാരാഷ്ട്ര പൽഗാർ ജില്ലയിലെ നലസോപ്പാറ എന്ന സ്ഥലത്തേക്ക് ഒളിവിൽ പോവുകയും, പോലീസ് അവിടെ എത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയിൽ എത്തിയപ്പോഴാണ് പിൻതുടർന്ന് പിടികൂടിയത്.
പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്:
1- നിങ്ങളുടെ ബാങ്ക് എക്കൌണ്ടുക ളുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമായാൽ, എന്തു കാരണം കൊണ്ടാണ് അങ്ങിനെ സംഭവിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കുക. 2- ഉടനടി മൊബൈൽ ഓപ്പറേറ്ററെ ബന്ധപ്പെടുക. 3- നിങ്ങളുടെ തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ അറിഞ്ഞോ അറിയാതെയോ സമൂഹ മാധ്യമങ്ങൾ, മറ്റ് തരത്തിലുള്ള സേവനം നൽകുന്ന വെബ് സൈറ്റുകൾ എന്നിവിടങ്ങളിൽ പങ്കിടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. 4- നിങ്ങളുടെ ഇ-മെയിൽ, സാമൂഹ്യ മാധ്യമങ്ങൾ, ഇന്റർനെറ്റ് ബാങ്കിങ്ങ് എന്നിവയ്ക്ക് കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ പാസ് വേഡ് നൽകുക. 5- പാസ് വേഡുകൾ നിർദ്ദിഷ്ട ഇടവേളകളിൽ മാറ്റുക. 6- എളുപ്പത്തിൽ ഊഹിച്ചെടുക്കാൻ കഴിയുന്ന പാസ് വേഡുകൾ ഉപയോഗിക്കാതിരിക്കുക. 7- പാസ് വേഡുകളും, ആധാർ നമ്പർ, ബാങ്ക് എക്കൌണ്ട് നമ്പർ തുടങ്ങിയവ സ്മാർട്ട് ഫോൺ കോൺടാക്ട് ലിസ്റ്റിൽ രേഖപ്പെടുത്തി വെക്കരുത്