
ലുലു ഗ്രൂപ്പിൻറെ 201-ആം എക്സ്പ്രസ്സ് സ്റ്റോർ ജിദ്ദയിൽ തുറന്നു ; സൗദി വനിതകൾ മാത്രം ജീവനക്കാരാകുന്ന ആദ്യ ഷോപ്പ്. യു എ ഇ ആസ്ഥാനമായ ലുലു ഗ്രോപ്പിന്റെ പുതിയ എക്സ്പ്രസ്സ് സ്റ്റോർ ജിദ്ദയിലെ അൽ ജാമിയയിൽ തുറന്നു. ഇതോടെ ആഗോള തലത്തിൽ ലുലു ഗ്രൂപ്പിന്റെ ഷോപ്പുകളുടെ എണ്ണം 201 ആയി ഉയർന്നു. വിഷൻ 2030 നടപ്പിലാക്കുന്നതിന്റെ ഭാഗമായി സൗദി വനിതകൾ മാത്രം ജീവനക്കാരാകുന്ന ലുലു ഗ്രൂപ്പിന്റെ ആദ്യ സംരംഭം എന്ന പ്രത്യേകതയുമുണ്ട്. കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിക്ക് സമീപം 37,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ സ്റ്റോർ ലുലുവിന്റെ സൗദിയിലെ 20 മത്തെ ഷോപ്പാണ്.
കോവിഡ് നിയന്ത്രങ്ങളുള്ളതിനാൽ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാതെ പുതിയ സ്റ്റോർ മാതൃകയായി. പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്തവർക്ക് മാത്രമാകും ഷോപ്പിലേക്ക് പ്രവേശിക്കാൻ അനുമതി.
ജനറൽ മാനേജർ മുതൽ കാഷ്യർ വരെ വനിതകളാകുന്ന പുതിയ സംരംഭത്തിലൂടെ സൗദി സ്ത്രീകളുടെ തൊഴിൽ ശാക്തീകരണമാണ് മുന്നിൽ കാണുന്നതെന്ന് സൗദി ലുലു ഹൈപ്പർ മാർക്കറ്റ്സ് ഡയറക്റ്റർ ഷെഹിം മുഹമ്മദ് പറഞ്ഞു.