ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു സുരക്ഷാ ജീവനക്കാരനു പരുക്ക്..

വടക്കുന്നാഥ ക്ഷേത മൈതാനിയിൽ നായ്ക്കനാലിലെ കൂറ്റൻ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരൻ ജയനാരായന് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം. നൂറ്റാണ്ട് പഴക്കമുള്ളതാണു നായ്ക്ക്നാലിലെ ആൽമരം.

 

മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന്റെ പേരിൽ തളിക്കുളത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തതായി പരാതി

തളിക്കുളം: മുഖ്യമന്ത്രിയുടെ നവകേരള
സദസ്സിന്റെ പേരിൽ തളിക്കുളത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തതായി പരാതി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ എ.എം. മെഹബൂബിന്റെ പിതാവിന്റെ മരണാനന്തര ആവശ്യ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ ജില്ലാ കോൺഗ്രസ്റ്റ് കമ്മറ്റി ജനറൽ സെക്രട്ടറി മാരായ സി.എം. നൗഷാദ്, നൗഷാദ് ആറ്റുപറമ്പത്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ഐ. ഷൌക്കത്തലി, നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.എം. സിദ്ധിഖ്, ബ്ലോക്ക് ട്രെഷറർ ഹിറോഷ് ത്രിവേണി എന്നിവരെയാണ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.

നാലു ദിവസം മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലാണ് ഇന്നും നാളെയും കൂടുതൽ മഴയ്ക്കു സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ തടസ്സമില്ല

.

 

മെഡിക്കൽ കോളജ് ആശുപത്രിയിൽ പൾമനോളജി വിഭാഗത്തിൽ ശ്വാസ കോശരോഗ ചികിത്സയ്ക്കായി ആധുനിക ചികിത്സാ സങ്കേതങ്ങൾ തയാറാകുന്നു..

ശ്വാസകോശത്തെ ബാധിക്കുന്ന ഐഎൽ ഡി, ക്യാൻസർ എന്നിവ തുടക്കത്തിൽ കണ്ടെത്തുന്നതിനും ചികിത്സ നൽകുന്നതിനും സഹായിക്കുന്ന എൻഡോ ബ്രോങ്കിയൽ അൾട്രാ സൗണ്ട് സിസ്റ്റം (ഇബിയുഎ സ്) എന്ന ഉപകരണമാണ് പ്രവർത്തനമാരംഭിച്ചത്. ആർഗോൺ പ്ലാസ്മ കോഗുലേഷൻ സിസ്റ്റം, ക്രയോബയോപ്സി സിസ്റ്റം എന്നീ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 1.25 കോടി രൂപ മുടക്കിയാണ് ഈ ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുള്ളത്

 

നവകേരള സദസ്സിന് ഒരുങ്ങി വടക്കാഞ്ചേരി..

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ നാലിന് വൈകിട്ട് മൂന്നിന് ആരോഗ്യ സര്‍വകലാശാല മൈതാനത്ത് നടക്കുന്ന പ്രഭാത യോഗത്തിലും വടക്കാഞ്ചേരി നവകേരള സദസ്സിലുമെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റ് വടക്കാഞ്ചേരി. സ്ത്രീകള്‍ക്ക് പ്രത്യേകമായി മൂന്ന് കൗണ്ടറുകളും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. ഓരോ കൗണ്ടറിലും നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥരും സൂപ്പര്‍വൈസിംഗ് ഉദ്യോഗസ്ഥനും, തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.

തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ വിഭാഗമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
സംഘാടക സമിതികള്‍, വീട്ടുമുറ്റ യോഗങ്ങള്‍, മണ്ഡല വികസന സെമിനാറുകള്‍, കലാ-കായിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം, നവകേരളം ക്വിസ് മത്സരം, ഫ്‌ളാഷ് മോബ്, കൂട്ടയോട്ടം, വനിതകളുടെ ടൂവീലര്‍ റാലി, സൗഹൃദ ഫുട്‌ബോള്‍ മത്സരം, മെഗാ തിരുവാതിര, പഞ്ചഗുസ്തി മത്സരം, പാട്ടരങ്ങ്, കളരിപ്പയറ്റ്, തായ്കോണ്ടോ അഭ്യാസം, മെഹന്തി ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, കാല്‍നട പ്രചാരണ ജാഥ, വിളംബര ജാഥ , റോക്‌സ് ഓണ്‍ റോഡ്, കലാജാഥ, നവകേരള ദീപം തെളിയിക്കല്‍ തുടങ്ങിയ വേറിട്ട പ്രചാരണ പരിപാടികളാണ് നവകേരള സദസ്സിന് മുന്നോടിയായി വടക്കാഞ്ചേരി മണ്ഡലത്തില്‍ സംഘാടക സമിതി ഒരുക്കിയത്.

നവകേരള സദസ്സ് വേദിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. കൊള്ളന്നൂര്‍ ആട്ടം കലാസമിതിയും തൃശ്ശൂര്‍ തേക്കിന്‍കാട് ബാന്റും ചേര്‍ന്ന് ഒരുക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. പാഴ്വസ്തുക്കള്‍ കൊണ്ട് സംഗീത വിരുന്ന് ഒരുക്കി ശ്രദ്ധേയരായ കൈപ്പറമ്പ് കൊള്ളന്നൂരിലെ കുട്ടികളുടെ സംഘം അവതരിപ്പിക്കുന്ന ‘ഡബ്ബാ ബീറ്റ്’ പരിപാടിയും നടക്കും.

നവകേരള സദസ്സിന് എത്തിച്ചേരുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. എഴുനൂറോളം വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.

മത്സ്യബന്ധന വള്ളത്തിൽ ബോട്ട് ഇടിച്ചു..

കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു. വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, നൂർദീൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി.

ചാമക്കാല കടപ്പുറത്ത് നിന്നും 5 കിലോമീറ്റർ പടിഞ്ഞാറായാണ് അപകടം. വലയിടുന്നതിനിടെ വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ബോട്ട് വള്ളത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കയ്‌പമംഗലത്തെ കൈതവളപ്പിൽ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളം പൂർണമായും തകർന്നു.

ഗതാഗതം നിരോധിച്ചു..

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള അയ്യന്തോള്‍ റോഡില്‍ നിര്‍മ്മല കോണ്‍വെന്റ് മുതല്‍ പഞ്ചിക്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 3) ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. തൃശൂര്‍, കുന്നംകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പൂങ്കുന്നം വഴി തിരിഞ്ഞു പോകേണ്ടതാണ്.

കാർ മതിലിലിടിച്ച് 3 പേർക്ക് പരിക്ക്..

ചേർപ്പ് തിരുവുള്ളക്കാവ് സിവിൽ സ്റ്റേഷന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 3 പേർക്ക് പരിക്ക്. ചെറുവാൾ സ്വദേശി ശ്രീജിത്ത്, സുജാത, ആരുഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാലക്കുടി – ആനമല റോഡ് ഇന്ന് തുറക്കും..

ശക്തമായ മഴയിൽ സുരക്ഷാ മതിൽ ഒലിച്ചു പോയതിനെ തുടർന്ന് അടച്ചിട്ടിരുന്ന ചാലക്കുടി-ആനമല റോഡ് ഇന്ന് (01-12-2023) മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് കെ.ആർ എഫ്.ബി അറിയിച്ചു.

വാട്ട‍ര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികൾക്ക് ദേഹസ്വാസ്ഥ്യം. തൃശൂർ മെഡിക്കൽ കോളേജിൽ രണ്ട് കുട്ടികളുടെ നില ഗുരുതരം..

വാട്ട‍ര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്.

ഇവരില്‍ രണ്ടു വിദ്യാര്‍ഥികളെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഒരു വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു. എല്ലാ വിദ്യാ‍ര്‍ത്ഥികൾക്കും വയറിളക്കവും കുഴച്ചിലും അനുഭവപ്പെട്ടു.
എന്താണ് കാരണമെന്ന് വ്യക്തമല്ല.

വളാഞ്ചേരിയിലെ സ്വകാര്യ വാട്ടര്‍തീം പാര്‍ക്കിലേക്കാണ് വിദ്യാര്‍ത്ഥികളുമായി അധ്യാപകര്‍ യാത്ര പോയത്. 10 വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഭക്ഷ്യ വിഷബാധയാണോ മറ്റെന്തെങ്കിലുമാണോ കാരണമെന്ന് വ്യക്തമായിട്ടില്ല.

ഇക്കാര്യം പരിശോധിച്ചു വരികയാണ്. കുട്ടികളുടെ ഉച്ചഭക്ഷണം ഉൾപ്പടെ വാട്ട‍ർ തീം പാർക്കിൽ നിന്നായിരുന്നുവെന്ന് സ്കൂൾ അധികൃത‍ര്‍ പറയുന്നു. ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ നിന്ന് 225 വിദ്യാര്‍ഥികള്‍ പഠനയാത്ര പോയത്. അന്ന് വൈകീട്ടോടെ വിദ്യാ‍ത്ഥികള്‍ക്കെല്ലാം ശാരീരീക ക്ഷീണവും വയറിളക്കവും അനുഭവപ്പെട്ടു.

കെ എസ് ആർ ടി സി ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്.

തൃശ്ശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു. എറണാകുളം സ്വദേശി ലതികയ്ക്കാണ് പരിക്കേറ്റത്. യുവതിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ”ദ ഗോള്‍ഡന്‍ ടച്ച്” അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു..

മുംബൈ: കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു. പ്രകാശനചടങ്ങില്‍ ടി.എസ്. കല്യാണരാമന്‍ ആത്മകഥയുടെ ആദ്യ പകര്‍പ്പ് അമിതാഭ് ബച്ചന് കൈമാറി.

കല്യാണ്‍ ജൂവലേഴ്സിന്‍റെ കഥയും ടി.എസ്. കല്യാണരാമന്‍റെ ജീവിതവും ഒരേസമയം ലളിതവും പരസ്പരം വേര്‍പിരിക്കാന്‍ കഴിയാത്തതുമാണെന്ന് ദ ഗോള്‍ഡന്‍ ടച്ചിന്‍റെ പ്രകാശനം നിര്‍വഹിച്ചു കൊണ്ട് അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്വന്തം സംരംഭവുമായി മുന്നിട്ടിറങ്ങുന്ന ഏതൊരു സംരംഭകനും കഠിനമായ സാഹചര്യങ്ങളില്‍ വേണ്ട കാഴ്ചപ്പാടും വിശ്വാസവും നിശ്ചയദാര്‍ഡ്യവും പകര്‍ന്ന് നല്‍കുന്ന കൈപ്പുസ്തകമാണ് ഈ ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ ചെറിയ തുടക്കത്തില്‍നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണശൃംഖലയായി വളര്‍ന്നതിന്‍റെ വ്യക്തിഗതമായ വിവരണമാണ് ഈ പുസ്തകത്തില്‍. ഒട്ടേറെ വെല്ലുവിളികളെയും തടസ്സങ്ങളെയും നേരിട്ട്, തീവ്രമായ ഉത്കര്‍ഷേച്ഛയോടെ മുന്നോട്ടു നീങ്ങിയതിന്‍റെ കഥകള്‍ ആകര്‍ഷകമായി കല്യാണരാമന്‍ ആത്മകഥയില്‍ വിവരിക്കുന്നു.

സ്വന്തം തട്ടകമായ തൃശൂരില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളിലൊന്നായി കല്യാണ്‍ ജൂവലേഴ്സിനെ രൂപപ്പെടുത്തിയ കല്യാണരാമന്‍റെ സംരംഭകത്വ യാത്രയുടെ സാരാംശമാണ് ഈ പുസ്തകം. 1908 മുതലുള്ള പരമ്പരാഗത കുടുംബ വ്യാപാരത്തെ കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡായി വളര്‍ത്തിയെടുത്ത കഥ മനോഹരമായി ഈ പുസ്തകത്തില്‍നിന്ന് വായിച്ചെടുക്കാം. കല്യാണരാമന്‍റെ സംരംഭക യാത്രയിലെ വെല്ലുവിളികളേയും വിജയങ്ങളേയും മൂല്യങ്ങളേയും ആത്മകഥയില്‍ ഏറെ ഇഴയടുപ്പത്തോടെ അവതരിപ്പിക്കുന്നു.

ദ ഗോള്‍ഡന്‍ ടച്ചിലൂടെ കല്യാണ്‍ ജൂവലേഴ്സിന്‍റെ കഥയാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സംരംഭകത്വത്തിലേയ്ക്കുള്ള യാത്രയുടെ കഥയാണിത്. ഈ ആത്മകഥ വായനക്കാര്‍ക്ക് പ്രചോദനകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

error: Content is protected !!