റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഭക്ഷ്യ-ധനമന്ത്രിമാർ വിളിച്ച ചർച്ച പരാജയം..

നിയമസഭ കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിനുപോലും അനുകൂല മറുപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ജൂലൈ 8,9 തീയതികളിൽ നിശ്ചയിച്ച 48 മണിക്കൂർ കടയടപ്പ് സമരവുമായി മുന്നോട്ടു പോകാൻ റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

വേതന പാക്കേജ് പരിഷ്കരിക്കണമെന്നും കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകം പരിഹരിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. ഇത് പഠിക്കാൻ മാസങ്ങൾക്ക് മുമ്പ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥതല കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സംഘം ജൂൺ 10ന് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചെങ്കിലും വിവരങ്ങൾ പുറത്തു വിടാൻ ഭക്ഷ്യമന്ത്രി തയാറായില്ല.

റിപ്പോർട്ടിന്‍റെ രൂപം ജൂലൈ 10ന് പൊതുവിതരണ വകുപ്പ് കമീഷണർ ഭക്ഷ്യവകുപ്പിന് കൈമാറുമെന്നും അതിനു ശേഷം ചർച്ചചെയ്യാമെന്നുമാണ് യോഗത്തിലറിയിച്ചത്. റേഷൻ വ്യാപാരി ക്ഷേമനിധി പരിഷ്കരണത്തിന് മുൻഗണനേതര കാർഡുകാരിൽ നിന്ന് ഒരു രൂപ വീതം മാസം പിരിക്കാൻ ഭക്ഷ്യവകുപ്പ് തത്വത്തിൽ തീരുമാനിച്ചെങ്കിലും മുന്നണിയുടെ രാഷ്ട്രീയ തീരുമാനം ഉണ്ടെങ്കിലേ നടപ്പാകൂവെന്ന് ധനമന്ത്രി അറിയിച്ചു.

കോവിഡ് കാലത്ത് വിതരണംചെയ്ത ഭക്ഷ്യകിറ്റ് കമീഷൻ നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിൽ തുക ഗഡുക്കളായി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഏത് മാസം മുതൽ, ഏത്ര ഗഡുക്കളായി എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ പറയാനാകില്ലെന്നാണ് ധനമന്ത്രി അറിയിച്ചത്.