
കയ്പമംഗലം∙ പഞ്ചായത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച ഹരിത കർമസേനാംഗത്തിന് പതിനായിരം രൂപ പിഴ. പഞ്ചായത്ത് 18 ആം വാർഡിലെ ഹരിതകർമ സേനാംഗം സരസ്വതിക്കെതിരെയാണ് നടപടി. പിഴയീടാക്കിയ ഇവരെ കർശനമായി താക്കീതും ചെയ്തിട്ടുണ്ട്.
ഗ്രാമലക്ഷ്മി സെന്ററിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവമുണ്ടായത്. വാർഡിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യം ഇവിടത്തെ മിനി എംസിഎഫിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മാസങ്ങൾ പഴക്കമുള്ള ഇവ പഞ്ചായത്തിന്റെ മെയിൻ എംസിഎഫിലേക്ക് മാറ്റാനായി തരം തിരിക്കുന്നതിനിടെയാണ് ചില വസ്തുക്കൾ കത്തിച്ചത്.
ഇതിൽ പ്ലാസ്റ്റിക്കും ഉൾപ്പെട്ടിരുന്നു. തീയിട്ടതിന്റെ വീഡിയോ വന്നിരുന്നു. മാതൃക ആകേണ്ടയാൾ തന്നെ വീഴ്ച വരുത്തിയത്. വലിയ തെറ്റാണെന്ന് വിലയിരുത്തിയാണ് നടപടി. മാലിന്യം തരംതിരിക്കുന്നതിനിടെ പാമ്പിന്റെ തോല് കണ്ടപ്പോഴാണ് തീയിട്ടതെന്നും അബദ്ധത്തിൽ പ്ലാസ്റ്റിക്കും പെട്ടു പോയതാണെന്നും സേനാംഗം സരസ്വതി പറഞ്ഞു.