സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയമലംഘനം കൂടുന്നു. ഇന്ന് നിയമലംഘനം കണ്ടെത്തുന്നതിനായി തൃശൂർ സിറ്റി പോലീസ് തങ്ങളുടെ പരിധിയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ പുതിയ 74 കേസ്സുകള്‍ റെജിസ്റ്റര്‍ ചെയ്തു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലും, ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലും, യാത്രാ ബസുകളിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയതിന് ബസ്ഡ്രൈവർക്കും, കണ്ടക്ടർക്കുമെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തൃശൂർ സിറ്റി പോലീസ് വെസ്റ്റ്ഫോർട്ട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒരു കാറിൽ 6 പേർ യാത്ര ചെയ്യുന്നതായി ശ്രദ്ധയിൽ പെടുകയും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി വിൽപ്പന കേന്ദ്രങ്ങളിലും കടകളിലും ആളുകൾ കൂടി നിന്നതിനും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒട്ടും മാസ്ക് ധരിക്കാതെയും, ശരിയായി മൂക്കും മുഖവും മറക്കാതെയും പൊതു സ്ഥലത്ത് കാണപ്പെട്ട ആളുകൾക്കെതിരായി കോടതിയിൽ കുറ്റപത്രം സമർപ്പിക്കും എന്ന് പോലീസ് അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെയുള്ള നിയമ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും കൂട്ടിച്ചേർത്തു.