
വടക്കാഞ്ചേരി വാഴാനിയിലുളള തൃശൂർ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലം നേരത്തെ തരിശ് ഭൂമിയായി കിടക്കുകയായിരുന്നു. എന്നാലിപ്പോൾ അടയാളം പോലും തിരിച്ചറിയാത്ത വിധം ഇവിടം മാറ്റിയിരിക്കയാണ് ജീവനക്കാർ. 34 വർഷമായി തരിശു കിടന്ന ഭൂമിയാണ് തളിർത്ത ചീരയും, തഴച്ചു വളർന്ന വെണ്ടയും, മറ്റു പച്ചകറികളുമായി തെളിഞ്ഞു നിൽക്കുന്നത്.
ഇവിടെ നിന്നും 30 കിലോയോളം ചീര വിളവെടുത്തതിന്റെ ചാരിതാർത്ഥ്യത്തിലാണ് ജീവനക്കാർ. ‘സുഭിക്ഷ കേരളം’ പദ്ധതിയനുസരിച്ചാണ് ജീവനക്കാർ കൃഷിയിറക്കിയത്.
സഹകരണ സ്പിന്നിങ്ങ് മിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ രണ്ട് മാസം മുൻപാണ് ഒന്നര ഏക്കർ വരുന്ന സ്ഥലത്ത് വിത്തിറക്കിയത്. മൃഗങ്ങളുടേയും പക്ഷികളുടേയും ശല്യമടക്കം വെല്ലുവിളികൾ ഒട്ടേറെ ഉണ്ടായിരുന്നു.
തെക്കുംകര പഞ്ചായത്ത്, ഹരിത കേരളം മിഷൻ എന്നിവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചും വ്യവസായ വകുപ്പും റിയാബും നിരന്തരമായി അവലോകനം നടത്തിയുമാണ് സുഭിക്ഷ കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞത്.