കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ ക്വാറൻൈറൻ ചെയ്യാൻ കോവിഡ് കെയർ സെന്ററുകളാക്കാൻ ജില്ലയിലെ അങ്കണവാടികൾ ഒരുങ്ങി. അടിയന്തര സാഹചര്യത്തിലേക്ക്, സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളാണ് ഏറ്റെടുക്കുന്നത്.
ചാവക്കാട് താലൂക്കിൽ രണ്ട് അങ്കണവാടികളും പുത്തൂരിൽ മൂന്ന്, ചേർപ്പ് രണ്ട്, കൈപ്പറമ്പ് അഞ്ച്, തൃശൂർ കോർപ്പറേഷനിൽ ഒന്ന് വീതം അങ്കണവാടികൾ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി. കൂടാതെ വല്ലച്ചിറ, മതിലകം, വെങ്കിടങ്ങ്, അരിമ്പൂർ എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളും ഇതിനായി സജ്ജമാക്കി.
വെള്ളം, വൈദ്യുതി, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള കെട്ടിടങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.
സ്ഥലപരിമിതിയും സാമൂഹിക അകലവും കണക്കിലെടുത്ത് പരമാവധി രണ്ട് പേരെയാണ് ഇവിടെ താമസിപ്പിക്കുക. ഇതോടനുബന്ധിച്ച് അങ്കണവാടികൾ വഴി ചെയ്യുന്ന പോഷകാഹാര വിതരണം പൂർത്തിയാക്കി. കെട്ടിടങ്ങൾ ഏറ്റെടുക്കാനുള്ള നിർദ്ദേശം വന്നതോടെ മെയ് 31 വരെയുള്ള സ്റ്റോക്കുകളുടെ വിതരണം പൂർത്തിയാക്കുകയും ചെയ്തു.
കോവിഡ് കെയർ സെന്ററുകൾ ആക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന അംഗനവാടികളിലെ സ്റ്റോക്ക് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് മാറ്റും. പൂർണമായും അണുവിമുക്തമാക്കിയ ശേഷം മാത്രമേ അങ്കണവാടികൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങൂ എന്ന് ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.