കഴിഞ്ഞ ദിവസം മലേഷ്യയിൽ നിന്നെത്തിയ പ്രവാസി മലയാളി പെയ്ഡ് ക്വാറന്റൈൻ ബുക്ക് ചെയ്തിട്ടും മുറികിട്ടിയില്ലെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. വാർത്തയിൽ പരാമർശിക്കുന്ന വ്യക്തി പെയ്ഡ് ക്വാറന്റൈൻ ബുക്ക് ചെയ്തിരുന്നില്ല.
മാത്രമല്ല വിമാനത്താവളത്തിൽ നിന്ന് സ്ഥാപനങ്ങളിൽ ക്വാറന്റൈനിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം ഏർപ്പെടുത്തിയ കെഎസ്ആർടിസി ബസ്സുകളിലാണ് സഞ്ചരിക്കേണ്ടത്. പരാമർശിക്കപ്പെട്ട വ്യക്തി ഇത്തരം മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തുകയായിരുന്നു. ഇതിനുശേഷം മാത്രമാണ് ജില്ലാ കളക്ടറെ ബന്ധപ്പെട്ടത്.
ഇതേ തുടർന്ന് കളക്ടർ നേരിട്ടു തന്നെ ഗുരുവായൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ താമസസൗകര്യം ഏർപ്പെടുത്തി. മെയ് 7 മുതൽ എല്ലാ ദിവസവും പ്രവാസി മലയാളികൾ തിരിച്ചെത്തുന്നുണ്ട്. ഇവർക്കെല്ലാം കൃത്യമായ നിരീക്ഷണസൗകര്യം ജില്ലാഭരണകൂടം ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. ഇപ്പോൾ വന്ന വാർത്ത വസ്തുതകൾ മനസ്സിലാക്കാതെയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.