എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ നിവാസികൾക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങൾ. ഏറെ കാലങ്ങളായി തുടരുന്ന പൈനൂർ നിവാസികളുടെ കടുത്ത കുടിവെള്ള ക്ഷാമത്തിനാണ് ഈ ലോക്ക് ഡൗൺ കാലത്ത് അറുതിയായത്. കടലായിക്കുളം കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മുൻ എംപി ഇന്നസെന്റ് നിർവ്വഹിച്ചതോടെയാണ് പൈനൂർ നിവാസികളുടെ സ്വപ്നസാക്ഷാത്കരത്തിന് തിരി തെളിഞ്ഞത്.
എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ പല്ലയിലുള്ള കടലായിക്കുളത്തിൽ കിണർ, മോട്ടോർ പമ്പ് സെറ്റ് എന്നിവ സ്ഥാപിച്ച് ശുദ്ധീകരിച്ച വെള്ളം പൊതു ടാപ്പുകളിലൂടെ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി.
പൈനൂരിൽ നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നായിരുന്നു കുടിവെള്ളം വിതരണം ചെയ്തിരുന്നത്. എന്നാൽ ഇടക്കാലത്ത് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനുകളിൽ മർദ്ദം കുറഞ്ഞതിനാൽ ഈ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിയിരുന്നില്ല.
ജലക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ ബന്ധുവീടുകളിലും മറ്റും അഭയം തേടേണ്ട സ്ഥിതി ഉണ്ടായി. ഇതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2017ൽ കടലായിക്കുളം കുടിവെള്ള പദ്ധതിക്ക് രൂപം നൽകി. പ്രദേശത്തെ 2100 ജനങ്ങൾക്കാണ് ഇതോടെ കുടിവെള്ള ക്ഷാമത്തിൽ നിന്നും മോചനമായത്.