14 ലക്ഷം പേർ ഇനിയും റേഷൻ മസ്റ്ററിംങ് നടത്താൻ ബാക്കി.

കേരളത്തിൽ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലുള്ളവരിൽ മസ്റ്ററിംങ് നടത്താൻ ബാക്കിയുള്ളത് 14 ലക്ഷത്തോളം പേർ. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലായിട്ടാണ് ഇത്രയും പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്. ഇരു കാർഡിലുമായി ആകെയുള്ളത് 1.48 കോടി അംഗങ്ങളാണുള്ളത്. ഇതിൽ 1.34 കോടി പേരാണ് ഇതുവരെ മസ്റ്ററിംങ് നടത്തിയത്. 90.64 ശതമാനം പേരുടെ മസ്റ്ററിംങാണ് പൂർത്തിയായത്.

മസ്റ്ററിംങ് ബാക്കിയുള്ളവരുടെ കാര്യത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ പൊതുവിതരണവകുപ്പ് നടപടി തുടങ്ങി.
മസ്റ്ററിംങ് നടത്താതിരിക്കുന്ന വരിലേറെയും കേരളത്തിൽ ഇല്ലെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ വിലയിരുത്തൽ. പഠനത്തിനും ജോലിക്കുമായി ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോയവരാകാം മസ്റ്ററിംങ് നടത്താതിരിക്കുന്നതെന്നാണ് കരുതുന്നത്.

മസ്റ്ററിംങ് നടപടികൾ വേഗത്തിലാക്കാൻ റേഷനിംങ് ഇൻസ്പെക്ടർമാർ വീടുകളിലെത്തി നേരിട്ട് പരിശോധന നടത്താനും കാരണം കണ്ടെത്താനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നാട്ടിലുണ്ടായിരുന്നിട്ടും മസ്റ്ററിംങ് പൂർത്തിയാക്കാത്തവർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം.കഴിഞ്ഞ സെപ്റ്റംബറിലാണ് റേഷൻ കാർഡ് മസ്റ്ററിംങ് കേരളത്തിൽ ആരംഭിക്കുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണിത്. ഡിസംബർ വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.

എന്നാൽ മസ്റ്ററിംങ് പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ ഇപ്പോഴും തുടരുന്നുണ്ട്. റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളിൽ വിരൽ പതിപ്പിച്ചോ താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തി ഐറിസ് സ്കാനർ സംവിധാനം വഴിയോ മേരാ ഇകൈവസി എന്ന ഫേസ് ആപ്പ് വഴിയോ മസ്റ്ററിംങ് നടത്താം.