സർക്കാർ മേഖലയിലെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലീകരിക്കുന്നു..

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലീകരിക്കുന്നതിനും കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമായി 2,19,73,709 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾക്കാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 1.12 കോടി രൂപയും കോട്ടയം മെഡിക്കൽ കോളേജിന് 88.07 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 19.16 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടുതൽ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലമാക്കാൻ വലിയ ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നത്. ഈ സർക്കാരിന്റെ കാലത്ത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കി. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നു വരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും കോട്ടയം മെഡിക്കൽ കോളേജിൽ വൃക്ക, കരൾ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയകളും നടന്നു വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ യാഥാർത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.