എടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു.

എടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ശരണംവിളിയുടെ അകമ്പടിയിൽ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി നടതുറന്ന് നെയ്‌ത്തിരി തെളിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിലായിരുന്നു നടതുറക്കൽ. തുടർന്ന് പതിനെട്ടാംപടിക്ക്‌ താഴെ ആഴിയിൽ ദീപംപകർന്നു. മലകയറിയെത്തിയ ഭക്തർ ഭസ്മാഭിഷിക്തനായ ഭഗവാനെ കണ്ടുതൊഴുതു.

മറ്റ് വിശേഷാൽ പൂജകളില്ലായിരുന്നു. മഴയെ അവഗണിച്ച് ആയിരങ്ങളാണ് സന്നിധാനത്തെത്തിയത്. ബുധനാഴ്ച പുലർച്ചെ നെയ്യഭിഷേകം തുടങ്ങും. 11-ന് 25 കലശമാടിയശേഷം ഉച്ചപ്പൂജയും വൈകീട്ട് പടിപൂജയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ സഹസ്രകലശം, കളഭാഭിഷേകം, ലക്ഷാർച്ചന, പടിപൂജ എന്നിവയുമുണ്ടാകും. പ്രത്യേക കലശവും പൂജകളുമായി 19-ന് പ്രതിഷ്ഠാദിനം ആചരിക്കും. അന്ന് രാത്രി നട അടയ്ക്കും.