മൂല്യനിർണയ ക്യാംപ് അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിലും ഡ്യൂട്ടി..

ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപ് ചുമതലയുള്ള അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിലും ഡ്യൂട്ടി. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചയ്ക്കു തയാറല്ല. 31ന് ആണ് ഈസ്റ്റർ. തൊട്ടടുത്ത ദിവസമാണ് 77 ക്യാംപുകളിലായി മൂല്യനിർണയം ആരംഭിക്കുന്നത്.

അതിനുള്ള ഒരുക്കങ്ങൾ നടത്താനാണ് ക്യാംപിന്റെ ചുമതലയുള്ള അധ്യാപകർക്ക് പൊതു അവധി ദിനമായ ഈസ്റ്ററിന് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നത്. ക്യാംപ് കോഓർഡിനേറ്റർ, ക്യാംപ് ഓഫിസർ, ഡപ്യൂട്ടി ക്യാംപ് ഓഫിസർ, ക്യാംപ് അസിസ്റ്റന്റ്, സ്ക്രിപ്റ്റ് കോഡിങ് ഓഫിസർ, ടാബുലേഷൻ ഓഫിസർ എന്നീ തസ്തികകളിൽ നിയോഗിച്ചിരിക്കുന്ന അധ്യാപകർക്കാണ് അവധി ഡ്യൂട്ടി.

നേരത്തേ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലും ക്യാംപ് ഡ്യൂട്ടി ഇട്ടിരുന്നതായും പ്രതിഷേധത്തെ തുടർന്നാണ് അതു രണ്ടും ഒഴിവാക്കിയതെന്നും അധ്യാപകർ പറയുന്നു.

എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ 3ന് ആണ് ആരംഭിക്കുന്നത്. എസ്എസ്എൽസിക്കു ശേഷം ഫല പ്രഖ്യാപനം നടത്തുന്ന ഹയർ സെക്കൻഡറിയുടെ മൂല്യനിർണയവും ഏപ്രിൽ രണ്ടിനോ മൂന്നിനോ ആരംഭിച്ചിരുന്നെങ്കിൽ ഈസ്റ്റർ ദിനത്തിലെ ഡ്യൂട്ടി ഒഴിവാക്കാമായിരുന്നെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. കാൽ ലക്ഷത്തോളം അധ്യാപകരാണു ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ വർഷത്തെ മൂല്യനിർണയത്തിൽ പങ്കെടുത്തവർക്കുള്ള പ്രതിഫലം ഇതുവരെ പൂർണമായും കൊടുത്തിട്ടില്ല. ഇതിനെതിരെയും അധ്യാപക സംഘടനകൾ പ്രതിഷേധത്തിലാണ്.