വെള്ളാങ്ങലൂർ പഞ്ചായത്തിൽ മരപ്പട്ടികൾ ചാവുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികൾ. വെള്ളാങ്ങലൂർ പഞ്ചായത്തിലെ പൂവത്തുംകടവ്, ബ്രാലം മേഖലകളിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾ കൊണ്ട് ആറോളം മരപ്പട്ടികളാണ് ചത്തത്. നാട്ടുകാർ പഞ്ചായത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത മരപ്പട്ടിയെ വിശദ പരിശോധനയ്ക്കായി വയനാട് വെറ്റിനറി റിസർച്ച് സെന്ററിലേക്ക് അയച്ചു. മരപ്പട്ടികൾ കടിച്ചിടുന്ന ഭക്ഷണാവശിഷ്ടങ്ങൾ മറ്റു മൃഗങ്ങൾ കഴിച്ചാൽ എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ പടരുമോ എന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. പരിയാരം റേഞ്ച് ഓഫീസർ മാത്യുവിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രദീപ്, ഫിലിപ്പ് കൊറ്റനലൂർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.