വൈദ്യുതി കേബിൾ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്.

പൊട്ടിവീണ വൈദ്യുതി സർവീസ് കേബിൾ കഴുത്തിൽ കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവിന് ഗുരുതര പരുക്ക്. സഹകരണ ബാങ്ക് ജീവനക്കാരനായ തയ്യൂർ സ്വദേശി പൂക്കുന്നത്ത് വീട്ടിൽ അൻസാർ (32)ന് ആണ് പരുക്കേറ്റത്. ഇയാളുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. എരുമപ്പെട്ടി ഗവ.ആശുപത്രിക്ക് സമീപം പുലർച്ചെ 4മണിയോടെയായിരുന്നു അപകടം.

അൻസാർ വരുന്നതിനു തൊട്ടു മുൻപ് കടന്നു പോയ ലോറി തട്ടിയാണ് സർവീസ് വയറുകൾ പൊട്ടി വീണതെന്നു പറയുന്നു. കേബിളുകൾ പൊട്ടി വീണതറിയാതെ റോഡിലൂടെ ബൈക്കിൽ വന്നിരുന്ന അൻസാറിന്റെ കഴുത്തിൽ കേബിൾ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അൻസാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.