ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേക്കുളത്തിൽ അതിഥി തൊഴിലാളികൾ കൂട്ടമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് കുളിക്കാനെത്തുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പരാമർശിച്ചിരുന്നു. ഇതേത്തുടർന്ന് ദേവസ്വത്തിന്റെ മൂന്ന് കുളങ്ങളും അടച്ചു.
മുഖ്യമന്ത്രിയുടെ പരാമർശം ചാനലുകളിൽ വന്നതിനു പിന്നാലെ ദേവസ്വം ചെയർമാന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും പോലീസും നഗരസഭാ ആരോഗ്യവിഭാഗവും തെക്കേക്കുളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരെയും ഇവിടെ കുളിക്കാൻ അനുവദിക്കില്ലെന്നും ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിലാണ് അടിയന്തര നടപടി ഉണ്ടായത്.