പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി പൊലീസ് 17ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി..

announcement-vehcle-mic-road

ഗുരുവായൂർ ∙ പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി പൊലീസ് 17ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 6 മുതൽ തൃശൂർ ഭാഗത്തു നിന്ന് ചൂണ്ടൽ–ഗുരുവായൂർ റൂട്ടിൽ വാഹനങ്ങൾ അനുവദിക്കില്ല. ഗുരുവായൂരിലേക്കു വരുന്ന വാഹനങ്ങൾ ചൂണ്ടലിൽ നിന്ന് കുന്നംകുളം കോട്ടപ്പടി വഴി എത്തണം. രാവിലെ 6നു ശേഷം കൂനംമൂച്ചിയിൽ നിന്ന് അരിയന്നൂരിലേക്ക് വാഹനങ്ങൾ അനുവദിക്കില്ല.

ഗുരുവായൂർ ഔട്ടർറിങ് റോഡിൽ മഞ്ജുളാൽ മുതൽ കാരക്കാട് വരെ രാവിലെ 6 മുതൽ വാഹനങ്ങൾ അനുവദിക്കില്ല. പ്രൈവറ്റ് ബസുകൾക്ക് പടിഞ്ഞാറേ നടയിലെ മായ ബസ് സ്റ്റാൻഡിൽ പാർക്കിങ് നടത്താം. ചാവക്കാട് ഭാഗത്തേക്കു പോകുന്ന വലിയ ലോറികളും ഭാരവാഹനങ്ങളും പെരുമ്പിലാവ് ജംക്‌ഷനു മുൻപായും പൊന്നാനി, ചാവക്കാട് ഭാഗത്തു നിന്നും ഗുരുവായൂരിലേക്കു വരുന്ന ലോറികളും ഭാരവാഹനങ്ങളും ചാവക്കാട് ജംക്‌ഷനു മുൻപായും പാവറട്ടി ഭാഗത്തു നിന്നും വരുന്നവ പഞ്ചാരമുക്കിനു മുൻപായും നിർത്തിയിടണം.

ചാവക്കാട് ഭാഗത്തുനിന്നു വരുന്ന ബസുകൾ പടിഞ്ഞാറെ നടയിൽ ആളെയിറക്കി പഞ്ചാരമുക്കു വഴി തിരിച്ചു പോകണം. കുന്നംകുളത്തു നിന്നു വരുന്ന ബസുകൾ മുതുവട്ടൂർ വഴി പടിഞ്ഞാറെ നടയിൽ ആളെയിറക്കി മമ്മിയൂർ ക്ഷേത്രം വഴി തിരിച്ചു പോകണം. ഇന്നർ റിങ് റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല. അയ്യപ്പന്മാരുടെ വാഹനങ്ങൾ മമ്മിയൂർ തമ്പുരാൻപടി ഭാഗത്ത് പാർക്ക് ചെയ്യണം.