തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളിലാണ് പരിശോധന നടന്നത്. 62 കിലോമീറ്റർ നാലുവരി പാത നിർമിക്കാൻ 721 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയിരുന്നത്. 2023 മേയിലെ കണക്ക് പ്രകാരം 1000 കോടി രൂപയിലേറെ ടോൾ പിരിവ് നടത്തിയെന്നാണ് വിവരം.
ടോൾ പ്ളാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സർവീസ് റോഡ് നിർമാണം, പരസ്യ ബോർഡുകൾ തുടങ്ങിയവയിൽ ഒരു കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകൾ നടന്നുവെന്നായിരുന്നു പരാതി ഉയർന്നത്. പരാതിയിൽ സി ബി ഐ കേസും രജിസ്റ്റർ ചെയ്തിരുന്നു.
റെയ്‌ഡിനിടെ ഇ ഡി ഉദ്യോഗസ്ഥർ ടോൾ പ്ളാസയിലെ ജീവനക്കാരുടെ ഫോണുകൾ വാങ്ങിവച്ചു. 50 ജീവനക്കാർ ആ സമയത്ത് ഓഫീസിലുണ്ടായിരുന്നു. അതേസമയം, പരിശോധനയുമായി ബന്ധപ്പെട്ട് ഇ ഡി മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് പ്ലാസയിലെ ഉദ്യോഗസ്ഥർ പറയുന്നു. ജീവനക്കാരെ ചോദ്യം ചെയ്തില്ലെന്നും ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും പറയുന്നു. ഓഫീസിലെ രേഖകൾ പരിശോധിച്ചു.
ഗുരുവായൂർ ഇൻഫ്രാസ്‌ട്രക്‌ച്ചർ ലിമിറ്റഡ് ആണ് ടോൾ പ്ളാസയുടെ കരാർ കമ്പനിക്കാർ. ടോൾ പിരിവിന്റെ കരാറും ഇവർക്ക് തന്നെയാണ്. കരാറുമായി ബന്ധപ്പെട്ട രേഖകളാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധിച്ചത്. അഞ്ചുവർഷമാണ് കമ്പനിയ്ക്ക് കരാർ നൽകിയിരിക്കുന്നത്.