
കാലവർഷം നാളെ എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലനിൽക്കെ ഇന്ന് 4 ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെലോ അലർട്ട്.
24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന 5 ദിവസം കേരളത്തിൽ പരക്കെ മഴ കിട്ടും. അറബിക്കടലിൽ തിങ്കളാഴ്ചയോടെ ന്യൂനമർദം രൂപമെടുക്കാനിടയുണ്ട്. അതു കൂടുതൽ ശക്തമായി ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.