സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് ആവശ്യമായ തുണിസഞ്ചികൾ നിർമിച്ചുനൽകാനൊരുങ്ങി കുടുംബശ്രീ.നിർമ്മിക്കുന്ന തുണി സഞ്ചികൾ സംസ്ഥാന ഗവൺമെന്റ് സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകൾക്കായാണ് പ്രധാനമായും പ്രയോജനപ്പെടുത്തുക.
25 ലക്ഷം തുണിസഞ്ചികൾക്കുള്ള ഓർഡർ ഇതിനോടകം കുടുംബശ്രീക്ക് ലഭിച്ചതായി മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.ഇതുപ്രകാരം നിർമ്മിക്കുന്ന ഒരു തുണിസഞ്ചിക്ക് കുടുംബശ്രീക്ക് കോർപ്പറേഷൻ 19 രൂപ നൽകും.
കുടുംബശ്രീ യൂണിറ്റുകൾ ഇവയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.തിരുവനന്തപുരം 1.20 ലക്ഷം, കൊല്ലം നാലുലക്ഷം, പത്തനംതിട്ട രണ്ടുലക്ഷം, കോട്ടയം രണ്ടുലക്ഷം, ഇടുക്കി 80,000, ആലപ്പുഴ 1.60 ലക്ഷം, എറണാകുളം 1.50 ലക്ഷം, തൃശ്ശൂർ മൂന്നുലക്ഷം, പാലക്കാട് 1.60 ലക്ഷം, മലപ്പുറം 1.20 ലക്ഷം, കോഴിക്കോട് രണ്ടുലക്ഷം, വയനാട് 70,000, കണ്ണൂർ 1.40 ലക്ഷം, കാസർകോട് രണ്ടുലക്ഷം എന്നിങ്ങനെയാണ് സഞ്ചികൾ തയ്യാറാക്കുക.വലിയ സഹായം തന്നെയാണ് കുടുംബശ്രീ ഇൗ ഉദ്യമത്തിലൂടെ സമൂഹത്തിന് നൽകുന്നത്.