
ഗുരുവായൂർ: ക്ഷേത്രനടവഴികളിലും തെരുവോരങ്ങളിലും കഴിയുന്ന മുഴുവൻ പേർക്കും ശനിയാഴ്ച കൂട്ടപ്പരിശോധന നടത്തി. ഇതിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭാപരിധിയിൽ ശനിയാഴ്ച രോഗം സ്ഥിതീകരിച്ചത് 40 പേർക്കാണ്. ജില്ലാ ആരോഗ്യ വിഭാഗത്തിലെ പത്തോളം വരുന്ന മൊബൈൽ യൂണിറ്റാണ് പരിശോധനയ്ക്കെത്തിയത്. നഗരസഭയിലെ ആരോഗ്യ പ്രവർത്തകരും പോലീസും ചേർന്ന് തെരുവോരങ്ങളിലുള്ളവരെ ആംബുലൻസിൽ കയറ്റി പരിശോധനയ്ക്കെത്തിച്ചു. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും ഉദ്യോഗസ്ഥരും നേതൃത്വം നൽകി.
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പരിശോധന. 154 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ കോവിഡ് സ്ഥിരീകരിച്ചവരെ സ്‌കൂളിലെ പ്രത്യേക ബ്ലോക്കിൽ പാർപ്പിച്ചു. ബാക്കിയുള്ളവർക്ക് താമസിക്കാൻ സ്‌കൂളിൽ തന്നെ ക്യാമ്പും ആരംഭിച്ചു. ക്യാമ്പിലുള്ളവർക്കെല്ലാം കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണമെത്തിച്ചു. ആരേയും തെരുവുകളിലേക്ക് തിരിച്ചയച്ചിട്ടില്ല.