
തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോ വിഡ് വാർഡുകളിലും അനുബന്ധ സ്ഥലങ്ങളിലും പൊതു ജനങ്ങൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇപ്രകാരം ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാരുടെ നിർദേശ പ്രകാരം പുറമേ നിന്ന് ബന്ധുക്കൾ, സ്നേഹിതർ എന്നിവർ വഴി എത്തിച്ചു നൽകുന്ന മരുന്ന്, വസ്ത്രം, മൊബൈൽ ഫോൺ എന്നിവ ദൈനം ദിന ആവശ്യത്തിനുള്ള വസ്തുക്കളായി നിജപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ രോഗികൾക്ക് ആവശ്യമായ ഭക്ഷണം, ചായ, ലഘു ഭക്ഷണം എന്നിവ സൗജന്യമായി ആശുപത്രി അധികൃതർ സമയാ സമയങ്ങളിൽ അതാത് വാർഡുകളിൽ വിതരണം ചെയ്യുന്നുണ്ട്. അതിനാൽ പുറമേ നിന്നുള്ള ഭക്ഷണത്തിനും പലഹാരങ്ങൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്തി.
അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുന്ന വ്യക്തികൾ രോഗിയുടെ പേര്, വിലാസം എന്നിവയ്ക്കൊപ്പം കൊടുക്കുന്ന വ്യക്തിയുടെ വിലാസം, ഫോൺ നമ്പർ, പൊതിയിലുള്ള സാധനങ്ങളുടെ വിശദാംശങ്ങൾ എന്നിവയും വ്യക്തമാക്കണം. ഈ വിശദാംശങ്ങൾ സെക്യൂരിറ്റി രജിസ്റ്ററിൽ രേഖപ്പെടുത്തി പരിശോധനയ്ക്കായി സെക്യൂരിറ്റി ഓഫീസിൽ എത്തിച്ച് മുൻവശത്തുള്ള വരാന്തയിൽ ഏൽപ്പിക്കണം. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് അഞ്ച് വരെ ഇതിനുള്ള സമയക്രമം എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.