
കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ അഖിലേന്ത്യ പണിമുടക്ക് കേന്ദ്രം സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പങ്കാളികളാകും, 25 കോടി തൊഴിലാളികൾ അണിനിരക്കും. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ഇതിൽ പിന്തുണയ്ക്കുന്നു.
കോൺഗ്രസ് നേതൃത്വം പിസിസി കൾക്ക് നിർദേശം നൽകിയത് അനുസരിച്ച് കോൺഗ്രസ് പിന്തുണയ്ക്കും. ഇടതുപാർട്ടികൾ തുടക്കത്തിൽ പിന്തുണയും ഐക്യദാർഢ്യവും ഇതിനോട് പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സംഘടനകളും പ്രക്ഷോഭത്തിലാണ്. തൊഴിലാളി വിരുദ്ധ തൊഴിൽ ചട്ടങ്ങളും കർഷകദ്രോഹ കാർഷിക നിയമങ്ങളും പിൻവലിക്കുക, ആദായ നികുതിയിൽ ഉൾപ്പെടാത്ത എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം നൽകുക, എല്ലാവർക്കും മാസം 10 കിലോ എങ്കിലും സൗജന്യറേഷൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയപണിമുടക്ക്.
മേൽസൂചിപ്പിച്ച തൊഴിലാളി കർഷക ദ്രോഹ നിലപാടുകൾ തിരുത്താൻ സർക്കാർ തയ്യാറാകുന്നില്ല എങ്കിൽ ഭാവിയിൽ വലിയ സമരപരിപാടികളുമായി തന്നെ മുന്നോട്ടുപോകുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ അറിയിച്ചു.