വിദ്യാഭ്യാസം ഓൺലൈൻ ആയതോടെ ഇതിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഉപകരണങ്ങൾ എത്തിക്കാനായി നാടാകെ ഒന്നിക്കുകയാണ്. ഇന്നലെ വരെ ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതെ പ്രയാസപ്പെട്ട എച്ചിപ്പാറ കോളനിയിലെ രഞ്ജുവിന് ഇനി വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്താം.
ടി എൻ പ്രതാപൻ എംപിയുടെ അതിജീവനം എംപീസ് എഡ്യുകെയർ പദ്ധതിയുടെ ഉദ്ഘാടനം എച്ചിപ്പാറ ഗവ: ട്രൈബൽ സ്കൂൾ സ്കൂളിലെ എട്ടാം ക്ലാസുകാരിയായ രഞ്ജുവിന് ടിവി സമ്മാനിച്ചു കൊണ്ടായിരുന്നു. പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസ് ആണ് രഞ്ജുവിന് ടെലിവിഷൻ നൽകിയത്. താരത്തിൽ നിന്നും സ്മാർട്ട് ടിവി രഞ്ജു ഏറ്റുവാങ്ങിയത് സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെയാണ്.
പദ്ധതിയിലേക്ക് ടോവിനോ 10 ടിവികൾ സംഭാവന നൽകി. ഇതിനോടകം നിരവധി ആളുകൾ പദ്ധതിയിലേക്ക് ടിവി സംഭാവന നൽകിയിട്ടുണ്ട്. ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്കെല്ലാം അവ എത്തിച്ചു നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.