ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ പോവാതെ മുങ്ങിയയാൾ പിടിയിൽ

ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ പോവാതെ പഞ്ചായത്തിനെയും പോലീസിനെയും വട്ടം കറക്കിയ എറിയാട് സ്വദേശിയെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തി പഞ്ചായത്തിന്റെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. ബാംഗ്ലൂരിൽ നിന്നും ഒരു ചരക്ക് വണ്ടിയിൽ ചൊവ്വാഴ്ച മണ്ണുത്തിയിലെത്തുകയും അവിടെനിന്ന് സ്വകാര്യ ബസിൽ ഉച്ചയോടെ കൊടുങ്ങല്ലൂരിൽ എത്തുകയും ചെയ്ത എറിയാട് സ്വദേശിയാണ് മുങ്ങിയത്.

ചന്തപ്പുരയിലെത്തിയതായി ഇയാൾ പഞ്ചായത്ത് അധികൃതരെ ഫോണിൽ അറിയിച്ചു. എന്നാൽ ഇയാളുടെ മകൾ പ്രസവിച്ചതിനാൽ സുരക്ഷയെ കരുതി പഞ്ചായത്ത് ഒരുക്കുന്ന സ്ഥലത്ത് ക്വാറന്റൈനിൽ കഴിയണമെന്നും ആംബുലൻസ് അയക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇരുപത് മിനിട്ടിനുള്ളിൽ ആംബുലൻസും പഞ്ചായത്ത് ഏർപ്പെടുത്തിയ സന്നദ്ധപ്രവർത്തകരും ചന്തപ്പുരയിൽ എത്തിയപ്പോഴേക്കും ഇയാൾ സ്ഥലം വിടുകയായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആംബുലൻസിൽ പോകാൻ കഴിയില്ലെന്നും പഞ്ചായത്ത് ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയാൻ സാധിക്കില്ലെന്നും മറ്റും പറഞ്ഞ് ഇയാൾ ഒഴിഞ്ഞുമാറി.വേറെ വഴികൾ ഇല്ലാത്തതിനാൽ പഞ്ചായത്ത് അധികൃതർ കൊടുങ്ങല്ലൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.

ഓട്ടോറിക്ഷാ ഡ്രൈവർമാർ നൽകിയ സൂചനയെ തുടർന്ന് നഗരത്തിലെ ആശുപത്രി പരിസരത്തുനിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് നിർബന്ധിതമായി അഴീക്കോട് മുനയ്ക്കലിലെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്വാറന്റൈനിലാക്കി.