നവജാത ശിശുവിന്റെ മൃതദേഹം കടവല്ലൂർ വടക്കുംമുറിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ സമീപവാസിയായ യുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. കടവല്ലൂർ വടക്കുംമുറി മാനംകണ്ടത്ത് ഷെഹിറയുടെ പേരിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ചങ്ങരംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെത്തുടർന്നുള്ള അമിത രക്തസ്രാവത്തിന് ഷെഹിറ ചികിത്സതേടിയിരുന്നു. ഇൗ സമയം ഡോക്ടർ കുഞ്ഞിന്റെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ യുവതിയിൽ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിൽ സംശയം തോന്നിയ ഡോക്ടർ ചങ്ങരംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം അഴുകിയനിലയിൽ കിണറ്റിൽ നിന്നും കണ്ടെത്തിയത്. മൃതശരീരം തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. മരണ കാരണം എന്താണെന്നറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.